വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

news image
Jul 30, 2026, 5:10 am GMT+0000 payyolionline.in

പയ്യോളി: വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പ്രസ്താവിച്ചു. പണം കൊടുത്ത് ചോദ്യപ്പേപ്പർ മുൻകൂട്ടി വാങ്ങാൻ കിട്ടുന്ന രാജ്യമായി നാം മാറിയത് വിദ്യ തേടാനുള്ള മാനദണ്ഡം പണമാണെന്ന് കരുതുന്നതുകൊണ്ടാണ്. സി.പി.ഐ നേതാവായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം പയ്യോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എക്കാലവും കർഷകർക്കും സാധാരണക്കാർക്കും താങ്ങും തണലുമായത് കമ്മ്യൂണിസ്റ്റുകാരാണെന്നും സംസ്ഥാനത്ത് ഭൂപരിഷ്കരണം സാധ്യമായത് കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എക്കാലത്തും ഓർക്കപ്പെടേണ്ട നാമം സി. അച്യുതമേനോന്റേതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ മാസ്റ്റർ പുതുതായി പാർട്ടിയിലേക്ക് കടന്നുവന്നവർക്ക് പതാക കൈമാറി സ്വീകരിച്ചു. സംസ്ഥാന ബാലസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മിഥുന സജിൻ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭഗത് ലിപിൽ, ഗൗതമി, അലഗ് സുമേഷ്, ലയ സുമേഷ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ വിതരണം ചെയ്തു.

ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.കെ. അജിത്ത്, മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ, സുധീഷ് രാജ് കൂടയിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe