വിദ്യാർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി

news image
Jun 2, 2026, 4:22 am GMT+0000 payyolionline.in

തിരുവനന്തപുരം : സാങ്കേതിക തടസ്സങ്ങൾ കാരണം ദിവസങ്ങളായി വിദ്യാർത്ഥികളെ വലച്ച പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി (Revaluation) ബന്ധപ്പെട്ട സിബിഎസ്ഇ പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. വെബ്സൈറ്റ് ഉടൻ സാധാരണ നിലയിലാകുമെന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ സിബിഎസ്ഇ ഉറപ്പ് നൽകിയിരുന്നെങ്കിലും സാങ്കേതിക തകരാറുകൾ തുടരുകയായിരുന്നു. ഇതോടെ അപേക്ഷ സമർപ്പിക്കാൻ കാത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് കടുത്ത പ്രതിസന്ധിയിലായത്. ഈ അധ്യയനവർഷം നടപ്പാക്കിയ ‘ഓൺ സ്ക്രീൻ മാർക്കിംഗ്’ വഴിയുള്ള മൂല്യനിർണയത്തിനെതിരെ വ്യാപക പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും പൂർണ്ണമായി അവതാളത്തിലായത്.

​അതേസമയം, പോർട്ടൽ തകരാറിലായ സംഭവത്തിൽ സിബിഎസ്ഇയിൽ നിന്ന് അടിയന്തര വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ഐടി കമ്പനിയായ ‘COEMPT’-ന് പോർട്ടൽ കരാർ നൽകിയതുമായി ബന്ധപ്പെട്ടും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായ രീതിയിൽ ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാഭ്യാസ പാർലമെന്ററി സമിതി യോഗം ഇന്ന് ഈ പ്രശ്നം പ്രത്യേകമായി പരിഗണിക്കും.

​കഴിഞ്ഞ ദിവസങ്ങളിൽ സിബിഎസ്ഇ വെബ്സൈറ്റിന് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ മാർക്കുകളിൽ വ്യാപകമായ വ്യത്യാസമുണ്ടെന്ന് കാണിച്ച് പോർട്ടലിനെതിരെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പരാതികളാണ് ഉയർന്നുവരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe