തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കഠിനമായ വേനൽച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് മഴയെത്തുന്നു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മേയ് രണ്ട് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ടെലിഫോൺ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.
തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കണമെന്നും മരച്ചുവട്ടിൽ നിൽക്കരുതെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വാഹനത്തിനുള്ളിൽ ഇരിക്കുന്നവർ കൈകാലുകൾ പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കണം. ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിക്കെട്ടാനും കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കാനും നിർദ്ദേശമുണ്ട്. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണെന്നും ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിക്കുന്നു.
