ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകി. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഉത്തരവ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വ്യാജവാർത്തകൾ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കർണാടകയിൽ കോൺഗ്രസ് അധികാരമേറ്റതിനുശേഷം സർക്കാറിനെതിരെയടക്കം ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്.
ബി.ജെ.പി ഇതിൽ മുന്നിലാണ്. വർഗീയവിദ്വേഷം ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുക്കളെ അറുക്കാനായി കടത്തുന്നുവെന്ന രീതിയിൽ കഴിഞ്ഞ ദിവസം വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.