പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികൾ ഭക്തർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയത്.
നിലവിൽ 190 മുറികളായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫിസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതൽ ഓൺലൈനായി പത്തു മുറികൾ ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് നാളെ ( ബുധനാഴ്ച ) രാവിലെ 7 മണി മുതൽ ആരംഭിക്കും. വെബ്സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂർത്തിയാകാതെ വരികയും, പണം അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ആവുകയും ചെയ്താൽ രേഖകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണ്.
