പ്ലസ് വൺ പ്രവേശനത്തിന് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സംവരണം പരിശോധിക്കുന്നതിന്, വിടുതൽ സർട്ടിഫിക്കറ്റ് (റ്റി. സി.) മതി എന്നും മന്ത്രി അറിയിച്ചു.
അതിനാൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ അവരുടെ ജാതി, കാറ്റഗറി തെളിയിക്കുന്നതിനായി എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് ആധികാരികമായി ഉപയോഗപ്പെടുത്തുന്നത്.
സേ പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്കാണ് സാധാരണ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്. റിസൾട്ട് വരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം ഉള്ളതായി പരാതി ഉയർന്നിരുന്നു.
മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. പരാതി ഉയർന്നത്തോടെയാണ് സംവരണ പ്രവേശനത്തിന് ടി സി മതി എന്ന നിർദേശം വന്നത്.