തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും എന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂർ മാത്രം ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കളളക്കടൽ പ്രതിഭാസത്തിനും സാധ്യതയുളളതിനാൽ കേരളാ ലക്ഷ്യദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പടിഞ്ഞാറൻ കാറ്റ് ദുർബലമായി തുടരുന്നതിനാൽ കേരളത്തിൽ കാലവർഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂൺ തുടക്കത്തിൽ കാലവർഷം സജീവമാകാനാണ് സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറൻ കാറ്റിന്റെ കേരളത്തിലേക്കുളള സഞ്ചാരത്തിന് വിഘാതമായി. ഇത് ദുർബലവുകയോ പടിഞ്ഞാറേക്ക് നീങ്ങുകയോ ചെയ്താലേ കാലവർഷം കേരളത്തിലേക്ക് എത്താനുളള സാഹചര്യമൊരുങ്ങുകയുളളു. മെയ് 26-ന് കേരളത്തിൽ കാലവർഷം എത്തും എന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.
