സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ഓണസമ്മാനമായി വെളിച്ചെണ്ണയ്ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഭക്ഷ്യമന്ത്രി

news image
Sep 2, 2025, 9:46 am GMT+0000 payyolionline.in

കോഴിക്കോട്: സപ്ലൈകോയില്‍ റെക്കോര്‍ഡ് വില്‍പന. ഓണക്കാലത്ത് വില്‍പന 319 കോടി രൂപ കടന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കാണിത്. ഇന്നലെ മാത്രം 21 കോടിയുടെ വില്‍പന നടന്നു. സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണിത്. 300 കോടിയുടെ വില്‍പനയായിരുന്നു ഈ ഓണക്കാലത്ത് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്.

അരി, വെളിച്ചെണ്ണ, മുളക് എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. സപ്ലൈകോ വില്‍പ്പനശാലയില്‍ 457 രൂപ വിലയുളള കേര വെളിച്ചെണ്ണ ആവശ്യത്തിന് നല്‍കി. കഴിഞ്ഞമാസം 25 മുതല്‍ 457 രൂപയില്‍ നിന്ന് 429രൂപയായി കേര വെളിച്ചെണ്ണയുടെ വില കുറച്ചു.

സപ്ലൈകോ ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്‌സിഡി വെളിച്ചെണ്ണ 349 രൂപയില്‍നിന്ന് ഇപ്പോള്‍ 339 രൂപയായും സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചു. ഇതിലൂടെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിര്‍ത്താനായി. എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമേ കാര്‍ഡൊന്നിന് 25 രൂപ നിരക്കില്‍ 20 കിലോ പച്ചരി/പുഴുക്കലരിയും നല്‍കി.

അതിനിടെ ഓണ സമ്മാനമായി വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ ഓഫര്‍ പ്രഖ്യാപിച്ചു. നോണ്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. 1500 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ 50 രൂപയാണ് വെളിച്ചെണ്ണയ്ക്ക് കിഴിവായി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe