കൊയിലാണ്ടി: അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നീട്ടിനൽകിയും വഴങ്ങാത്തവരെ ഇ.ഡി.യെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കിയും കേന്ദ്രഭരണം നിലനിർത്താൻ ബി.ജെ.പി കുതന്ത്രങ്ങൾ മെനയുമ്പോൾ, കുടുംബവാഴ്ചയ്ക്കും അധികാരനേട്ടത്തിനുമായി ശരദ് പവാർ നടത്തുന്ന അവസരവാദ രാഷ്ട്രീയം കടുത്ത വഞ്ചനയും മതേതരത്വത്തിന് എതിരുമാണെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് വ്യക്തമാക്കി. ശരദ് പവാറിനൊപ്പം നിലയുറപ്പിച്ച രാഷ്ട്രീയ സുഹൃത്തുക്കൾ, നാളിതുവരെ മുറുകെപ്പിടിച്ച ഉന്നത ജനാധിപത്യ മതേതരത്വത്തിന്റെ കൊടിക്കൂറ സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊയിലാണ്ടിയിൽ സി.എസ്.പി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലങ്കോട് സുരേഷ് ബാബു, കെ.ടി.എം. കോയ, ഇ.എസ്. രാജൻ, കെ.കെ. ശ്രീഷു, വടക്കയിൽ രാജൻ, കെ.കെ. ബാബു, അവിണേരി ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊയിലാണ്ടി ബ്ലോക്ക് പുതിയ ഭാരവാഹികളായി സി. രമേശൻ (പ്രസിഡന്റ്), വടക്കയിൽ രാജൻ (വൈസ് പ്രസിഡന്റ്), കെ.കെ. ബാബു, സായൂജ് ശ്രീമംഗലം (സെക്രട്ടറിമാർ), കെ.കെ. നാരായണൻ (ട്രഷറർ) എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു.
