സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈനുമായി ബന്ധപ്പെട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകൾ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ ഇടനാഴിക്കായി പഠനം നടത്തുകയാണ്. കൃത്യമായ ഡിപിആർ പോലുമില്ലാത്ത പദ്ധതിയായിരുന്നു സിൽവർ ലൈൻ. നടപ്പാക്കിയിരുന്നെങ്കിൽ പാരിസ്ഥിതികമായ ദുരന്തമായേനേ – മുഖ്യമന്ത്രി പറഞ്ഞു.
2026 ഓഗസ്റ്റ് 31ന് അകം കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും 2026 നവംബർ 30 വരെ ദീർഘിപ്പിക്കുന്നതിന് പിഎസ്സിക്ക് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും, എന്നാൽ തിരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ട് ആ സമയത്ത് ഒരുതരത്തിലുള്ള നിയമനങ്ങളും നടന്നിട്ടില്ലെന്നും ഇത് പല പട്ടികൾക്കും ബുദ്ധിമുട്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗാർഥികളുടെ വികാരം മാനിച്ചുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം, വിവിധ വകുപ്പുകൾക്കായി തിരിച്ച് ആ വകുപ്പുകൾ ഈ മാനിഫെസ്റ്റോ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ നൽകാൻ കൊടുത്തിട്ടുണ്ട്. വിഷൻ 2031 എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ജൂൺ ഒന്നാം തിയതി മുതൽ 100 ദിവസക്കാലം ഏറ്റവും അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചെയ്യാനുള്ള കർമ പദ്ധതി നിലവിൽ വരും – മുഖ്യമന്ത്രി പറഞ്ഞു.
