സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ചെന്ന് വെളിപ്പെടുത്തൽ, ഭയപ്പെടുത്തുന്നതെന്ന് ബെന്നി ബെഹ്നാൻ

news image
Jul 1, 2023, 12:00 pm GMT+0000 payyolionline.in

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വധിക്കാൻ സി പി എം വാടകക്കൊലയാളികളെ അയച്ചെന്ന ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഭയമുളവാക്കുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി. രാഷ്ട്രീയ എതിരാളിയായിരുന്ന ടി.പി ചന്ദ്രശേഖരനെ വധിക്കാൻ തയാറായവർ ഇത്തരം പ്രവർത്തനം നടത്തിയെന്നത് അവിശ്വസിക്കാൻ കഴിയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെയാണ് ശക്തിധരൻ വെളിപ്പെടുത്തൽ നടത്തിയത്.

ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ശക്തിധരൻ നടത്തികൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ശക്തിധരന്റെ മൊഴിയെടുക്കാൻ പൊലീസ് തയാറാവണം. കുറ്റവാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയെന്നും അതിനാലാണ് പരാതിയിൽ കേസെടുക്കാതെ  ഒളിച്ചു കളിക്കുന്നതെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.

സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ പുതിയ ആരോപണം. കെ. സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നും വിവരം ചോർന്നത് കൊണ്ടാണ് സുധാകരൻ രക്ഷപ്പെട്ടതെന്നുമാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. പലവട്ടം വധശ്രമം ഉണ്ടായെന്ന് പറഞ്ഞ കെ.സുധാകരൻ പുതിയ ആരോപണത്തിൽ പരാതി കൊടുത്താലും പിണറായി സർക്കാറിൽ നിന്നും നീതികിട്ടില്ലെന്നും പ്രതികരിച്ചു.

കൈതോലപ്പായ വിവാദത്തിന് പിന്നാലെയാണ് ജി ശക്തിധരൻറെ പുതിയ ആരോപണം. മോൻസൺ കേസിൽപ്പെട്ട സുധാകരനെ രക്ഷിക്കാനാണ് കൈതോലപ്പായ വിവാദമെന്ന സിപിഎം പ്രചാരണം ശക്തിധരൻ തള്ളുന്നു. സുധാകരനെ നേരിട്ട് കണ്ടിട്ടില്ലെന്ന പറഞ്ഞാണ് കണ്ണൂരിലെ പഴയ രാഷ്ട്രീയക്കൊലയുടെ കാലം പറയുന്നത്.

”എനിക്ക് ആരാണ് കെ.സുധാകരൻ. വാടകകൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു ഞാനും,  അന്ന് തൊട്ടു തൊട്ടില്ല എന്നെത്തിയതല്ലേ. കൊല്ലാൻ അയച്ചവരിൽ ഒരു അഞ്ചാംപത്തി അതല്ലേ സത്യം. കെ.സുധാകരനെ എങ്ങനെ വകവരുത്തിയാലും സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട്. കേരളചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയക്കൊലപാതകക്കേസിലെ പ്രതിയെയാണ് താൻ അപ്പോൾ പിന്തുണക്കുന്നതെന്ന യാഥാർത്ഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച് തീരുമാനമെടുക്കാൻ കഴിയുന്നില്ലായിരുന്നു”.

പഴയ രാഷ്ട്രീയക്കൊലപാതക ശ്രമങ്ങള‍ടക്കം പറഞ്ഞ് പുരാവസ്തു തട്ടിപ്പ് കേസിനെ നേരിടുന്ന സുധാകരന് ശക്തിധരറെ ആരോപണം പുതിയ പിടിവള്ളിയായാണ് വിലയിരുത്തപ്പെടുന്നത്. കൈതോലപ്പായയിലെന്ന പോലെ പുതിയ ആരോപണവും പൊലീസ് കാര്യമാക്കില്ലെന്ന് വിമർശിച്ച് ഇരട്ടനീതി വാദം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ആരോപണങ്ങളിൽ കോടതിയെ സമീപിക്കാനും ശ്രമമുണ്ട്. കൈതൊലപ്പായയിൽ ബെന്നി ബെഹ്നാൻറെ പരാതിയിൽ പൊലീസ് ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. സുധാകരനെതിരായ കൊലപാതകശ്രമത്തിനൊപ്പം മറ്റൊരു ആരോപണവും ശക്തിധരൻ ഉയർത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe