സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം

news image
Jan 16, 2025, 2:59 pm GMT+0000 payyolionline.in

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോൺ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയർ എസ്കേപ്പ് വഴിയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാൾ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ എലിമ്മാ ഫിലിപ്പ് എന്ന ലിമയാണ് അക്രമി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ആദ്യം കണ്ടതെന്നും പൊലീസ് പറയുന്നു. തുടർന്ന് പ്രതിയെ തടയാൻ ശ്രമിച്ച ജോലിക്കാരിയുടെ കൈക്ക് പരുക്കേറ്റു. എലിമ്മയുടെ നിലവിളി കേട്ടാണു സെയ്ഫ് ഓടി വന്നതെന്നും തുടർന്നുണ്ടായ സംഘട്ടത്തിനിടെ പ്രതി കത്തിയുപയോഗിച്ച് സെയ്ഫിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിയെ കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി മുംബൈ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമിയെ കണ്ടെത്താൻ പത്ത് പ്രത്യേക സംഘത്തെയാണു മുംബൈ പൊലീസ് നിയോഗിച്ചിരിക്കുന്നത്.

അതേസമയം ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ‘‘കത്തികൊണ്ട് തൊറാസികിന് സമീപത്തെ സുഷുമ്നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കത്തിയുടെ ഭാഗം നട്ടെല്ലിനു സമീപത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇടതുകയ്യിലും കഴുത്തിലും ആഴത്തിലുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. സെയ്ഫ് അപകടനില തരണം ചെയ്തു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്.’’ – മെഡിക്കൽ സംഘം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe