കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം അനധികൃതമായി തുറന്നെന്ന പരാതിയിൽ പരാതിക്കാരന്റെ വാദം കേൾക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റും കൊയിലാണ്ടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. പ്രവീൺകുമാർ നൽകിയ പരാതിയിലാണ് ഇന്ന് രാവിലെ 11.30-ന് ഓൺലൈൻ ഹിയറിംഗ് നടക്കുന്നത്. മൂന്ന് ദിവസത്തിനകം പരാതിക്കാരനെ നേരിട്ട് കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് കമ്മീഷന്റെ ഈ അടിയന്തര നടപടി.
വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എജ്യൂക്കേഷണൽ കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം സ്ഥാനാർത്ഥികളെയോ ഏജന്റുമാരെയോ അറിയിക്കാതെ തുറന്നതിൽ അട്ടിമറി സംശയിക്കുന്നതായാണ് യു.ഡി.എഫ് ആരോപിക്കുന്നത്. വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ രേഖകളുടെ പകർപ്പെടുക്കാൻ മെറ്റീരിയൽ റൂം തുറന്നതാണെന്ന അധികൃതരുടെ വിശദീകരണം യു.ഡി.എഫ് തള്ളിയിട്ടുണ്ട്. ‘സ്ട്രോങ്ങ് റൂം’ എന്ന് വ്യക്തമായി എഴുതിയ മുറി തന്നെ തുറന്നതിൽ ദുരൂഹതയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ നേരത്തെ കളക്ടർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയിരുന്നു.
ഹിയറിംഗിൽ പരാതിക്ക് ആസ്പദമായ രേഖകൾ ഹാജരാക്കാൻ പ്രവീൺകുമാറിന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിയറിംഗിൽ പങ്കെടുക്കാത്ത പക്ഷം നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികളിൽ നിർണ്ണായകമാകും.
