മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം ഉടൻ നടത്തും. ടൗൺഷിപ്പിൽ വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് അല്പസമയത്തിനകം സാങ്കേതികമായി കൈമാറും. നൗഫൽ അടക്കം ക്ലസ്റ്ററിലുള്ള 11 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. കഴിഞ്ഞ മാസമാണ് നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത്. വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി എത്തിയതും വലിയ ചർച്ചയായിരുന്നു.
ഇതോടെ ടൗൺഷിപ്പിൽ സാങ്കേതികമായി കൈമാറിയ വീടുകളുടെ എണ്ണം 134 ആകും. കഴിഞ്ഞ ദിവസങ്ങളിലായി 123 വീടുകൾ അധികൃതർ ഗുണഭോക്താക്കൾക്ക് സാങ്കേതികമായി കൈമാറിയിരുന്നു. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല.
178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.
