ആ‍ര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം മൂന്നു ലക്ഷം വരെ കൈക്കൂലി:പിടികൂടി വിജിലൻസ്

news image
Jan 18, 2023, 4:32 pm GMT+0000 payyolionline.in

കോട്ടയം: ഓപ്പറേഷന്‍ ഓവര്‍ലോഡിന്‍റെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്ത് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന്‍റെ തെളിവ് കണ്ടെത്തി. തെളളകത്തെ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഓഫിസിലെ മൂന്ന് ജീവനക്കാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലിയായി വാങ്ങുന്നതിന്‍റെ തെളിവാണ് ഇടനിലക്കാരന്‍റെ ഫോണില്‍ നിന്ന് ലഭിച്ചത്.  എംസി റോഡിലെ ടിപ്പര്‍ ലോറികളുടെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി.ലോറി ഉടമകളില്‍ നിന്ന് ലഭിക്കുന്ന പണം ഇടനിലക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കായിരുന്നു കൈമാറിയിരുന്നതെന്ന് വിജിലന്‍സ് പറഞ്ഞു. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷാജന്‍,അജിത് ശിവന്‍,അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു.

അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകൾ കടത്തി വാഹനങ്ങൾക്കെതിരെ നടപടിയുമായി വിജിലൻസ്. ഇന്ന് പുലർച്ചെ മുതലാണ് സംസ്ഥാന വ്യപാകമായി വിജിലൻസ് പരിശോധന തുടങ്ങിയത്. ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിലാണ് പരിശോധന തുടങ്ങിയത്. ജി.എസ്.ടി വെട്ടിച്ച് ചരക്കുകൾ കടത്തുകയും, ക്വാറികളിൽ നിന്നും അമിത ഭാരം കയറ്റി വാഹനങ്ങൾ പോകുന്നതായുള്ള വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന. വിവിധ ജില്ലകളിലുമായി 70 ലക്ഷം രൂപ വിവിധ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. അമിത ഭാരം കയറ്റി വന്ന 240 വാഹനങ്ങളും, മൈനിങ് ആൻഡ് ജിയോളജി പാസ്സിലാത്ത  104 വാഹനങ്ങളും, ജി എസ് ടി വെട്ടിപ്പ്  നടത്തിയ 46 വാഹനങ്ങളും  വിജിലൻസ് പിടികൂടി. അമിതഭോരം കയറ്റിയ ടിപ്പറുകൾ, ടോറസ് എന്നിവയിലായിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe