തിക്കോടി: കടലോര ഗ്രാമമായ കടലൂരിൽ ‘കടലും വരയും’ എന്ന പേരിൽ കടലൂർ ആർട്ട് ക്യാമ്പ് മെയ് 28 നാളെ രാവിലെ 8 മണി മുതൽ നടക്കുന്നു. സർഗതീരം കടലൂരും ദി ക്യാമ്പ് പേരാമ്പ്രയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാള സാഹിത്യത്തിന്റെ ഭാവനാ ഭൂപടത്തിൽ കടലൂർ ദേശവും കടലും ആഴക്കടൽ മീൻ വേട്ടയും ആവിഷ്ക്കരിക്കുന്ന നോവലായ പുള്ളിയൻ വരയിലൂടെ മുപ്പത്തഞ്ചോളം ചിത്ര പുനരാവിഷ്കരിക്കുന്നു. ആഴിയും, ആഴക്കടലും, കടൽ മനുഷ്യരും, കടലോര ജീവിതങ്ങളും, മത്സ്യബന്ധനരീതികളും, ഒക്കെ കടന്നുവരുന്ന ചിത്രങ്ങൾ തൽസമയം കടലോരത്ത് വെച്ച് വരയ്ക്കപ്പെടുന്ന അപൂർവ്വത ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നു.
നസീർ കൊല്ലം ,ശ്രീജിത്ത് വിയ്യൂർ, ഫൈസൽ എളേറ്റിൽ ,സഫ്വാൻ തിക്കോടി തുടങ്ങിയ നിരവധി പ്രഗത്ഭരും പ്രതിഭാശാലികളും പരിപാടിയിൽ പങ്കെടുക്കും. ഒപ്പം നാട്ടിലെ പല രംഗത്തുമുള്ള കലാകാരൻമാരും ഒത്തുചേരുന്നു. കോൽക്കളി, മാജിക് ഷോ, നാടൻപാട്ട്, മാപ്പിളപ്പാട്ട്, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവയും അരങ്ങേറും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്കാരിക പരിപാടി എഴുത്തുകാരൻ ഡോ.രാജേന്ദ്രൻ എത്തുംകര ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരൻ തിക്കോടി ആർട്ടിസ്റ്റുകളെ ആദരിക്കും.