കോഴിക്കോട്: ജില്ലയിൽ ജൂലൈ ആറുവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതികൾ നേരിടുന്നതിനായി ദുരന്ത നിവാരണ വകുപ്പ് സജ്ജമായി. ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ല കലക്ടർ എ. ഗീത തഹസീൽദാർമാർക്ക് നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് ജില്ല കലക്ടർ നിർദേശം നൽകിയത്.
കടലുണ്ടിയിലെ കപ്പലങ്ങാടി, ബേപ്പൂരിലെ ഗോതീശ്വരം എന്നിവിടങ്ങളിൽ കടലാക്രമണത്തിൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻവേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം.
തീര പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കാനും കലക്ടർ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രത പാലിക്കുകയും വേണ്ട മുന്നൊരുക്കങ്ങൾ എടുക്കുകയും വേണം.
വില്ലേജ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കും. അഗ്നിശമന വിഭാഗം, ആരോഗ്യ, പൊലീസ് എന്നീ വകുപ്പുകളെയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാക്കണമെന്ന് കലക്ടർ നിർദേശം നൽകി.
അതേസമയം ക്യാമ്പുകളിൽ പനി ബാധിതർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ശക്തമായ പനിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പനി പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമെ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചു. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
കലക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ : 0495 -2371002
കോഴിക്കോട് താലൂക്ക് കണ്ട്രോള് റൂം നമ്പര് : 0495-2372967
താമരശേരി താലൂക്ക് കണ്ട്രോള് റൂം നമ്പർ : 0495 -2224088
വടകര താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2520361
കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-262310