വടകര: മത്സ്യബന്ധന നിബന്ധനകള്‍ ലംഘിച്ച് ചോമ്പാല ഹാര്‍ബറില്‍ ചെറുമത്സ്യങ്ങള്‍ പിടിച്ച മൂന്ന് വളളങ്ങള്‍ പിടിയിലായി. ഫിഷറീസ് വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പൈനാകം , വിഷ്ണുമൂര്‍ത്തി, സലാമത്ത് എന്നിവളളങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തിയത്.
800കിലോഗ്രം അയല ആണ് പിടിച്ചെടുത്ത് കടലില്‍ നശിപ്പിച്ചത്. വടകര ഫിഷറീസ് എക്സന്‍റെഷന്‍ ഓഫീസര്‍ ഡി.എസ്.ദില്‍ന ,കോസ്റ്റല്‍ പോലീസ് എസ് ഐ അബ്ദുള്‍ സലാം, കോസ്റ്റല്‍ എ.എസ്.ഐ ഷിനിത്ത് , റസ്ക്യൂ ഗാര്‍ഡ്മാരായ അഭിലാഷ് ,അഭിഷേക് , ശരത്ത് എന്നിവർ നേതൃതം നൽകി.
അനധികൃതമായി ചെറു മത്സ്യങ്ങളെ പിടിക്കുന്ന വർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു. ഹാർബറുകളിൽ വളർച്ചയെത്താത്ത മത്സ്യം വിൽപ്പന നടക്കുന്നതായും പരാതി വ്യാപകമാണ്. വളർച്ചയെത്താത്ത മത്സ്യം പിടികൂടുന്നത് തടയാനും നിയമലംഘനം ശ്രദ്ധയിൽപ്പെടുത്താനും ഹാർബർ മാനേജ്മെൻറ് സൊസൈറ്റികൾകൂടി രംഗത്ത് വന്നാൽ ഒരുപരിധിവരെ നിയമലംഘനം കുറയ്ക്കാനാകും.