തിരുവനന്തപുരം: ലോക്സഭ ചർച്ചക്കിടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശത്തെ വിമര്‍ശിച്ച് മന്ത്രി ശിവൻകുട്ടി. ലോക്സഭാ ചർച്ചക്കിടെ സർക്കാർ വാദങ്ങളെ എതിർത്ത പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നുമാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ഇഡി വരുംപോലും, അവർ ഇപ്പോൾ നിഷ്പക്ഷത നടിക്കുന്നു പോലുമില്ലെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോക്‌സഭയിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം ഡൽഹി ഭരണ നിയന്ത്രണ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തൽ. ‘ഏക് മിനിറ്റ്, ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം’- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയാണെന്നും മീനാക്ഷി ലേഖിയുടെ പരാമർശം ഇക്കാര്യം അടിവരയിടുന്നുവെന്നും എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.
ബിജെപി കേന്ദ്ര മന്ത്രി നടത്തിയ പരാമർശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ചോദിച്ചു. മീനാക്ഷി ലേഖിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് ട്വിറ്ററുള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.