തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സതിയമ്മ താൽകാലിക ജോലിക്കാരിയല്ലെന്നും ജിജിമോൾ എന്ന താൽകാലിക ജോലിക്കാരിക്ക് പകരമായാണ് സതിയമ്മ ജോലി ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.ജിജി മോളുടെ അകൗണ്ടിലേക്ക് വരുന്ന പണം സതിയമ്മയാണ് കൈപറ്റിയിരുന്നു. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി ലഭിച്ചപ്പോഴാണ് നടപടി സ്വീകരിച്ചതെന്നും പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയിൽ 8000 രൂപ മാസ വേതനത്തിന് ജോലിയിൽ കയറിയത്.അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി വാസവൻ പ്രതികരിച്ചു. കുടുംബശ്രീയാണ് കേരളത്തിലെ എല്ലാ വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റിലെയും ഈ തസ്തികയിലേക്കുള്ള ആളുകളെ തെരഞ്ഞെടുക്കുന്നത്.ഓരോ ആറുമാസം കഴിയുമ്പോഴും ആളുകളെ മാറ്റും. ജിജിമോള്‍ എന്ന ആൾക്ക് പകരമായാണ് സതിയമ്മ ജോലി ചെയ്തത്. ജോലി അനധികൃതമാണെന്ന് പരാതി ലഭിച്ചതോടെ നടപടി സ്വീകരിക്കുകയായിരുന്നെന്നും വാസവന് പറഞ്ഞു.