കൊയിലാണ്ടി: തീരത്തിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നനുള്ള രൂപരേഖ തയ്യാറായി. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാപ്പാട് തകർന്ന തീരദേശ റോഡ് സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനത്തിൽ ജമീല എം എൽ എ യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തീരദേശ മേഖലയെ വളരെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്.സംസ്ഥാനത്തെ തീരദേശത്തെ 10 ഹോട്ട് സ്പോട്ടുകളിലൊന്നാണ് കാപ്പാട് തീരം. താൽക്കാലികമായി ഒരു റോഡ് നിർമിച്ചാൽ അത് കടലിടുക്കുകയേയുള്ളു. അതു കൊണ്ടാണ് കേന്ദ്ര ഏജൻസിയായ നാഷനൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ചിൻ്റെ നേതൃത്വത്തിൽ ഈ മേഖലയിൽ ഗൗരവതരമായ പoനം നാത്തിയത്.ഈ സ്ഥാപനത്തിൻ്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് വിഭാഗം ഡി പി ആർ തയ്യാറാക്കുകയും അംഗീകാരത്തിനായി സർക്കാരിലേക്ക് അയക്കുകയും ചെയ്യും.
ഇതിനായി ബന്ധപ്പെട്ട വകുപ്പ് ഉത്തരവു നൽകിയിട്ടുണ്ട്. വളരെ വേഗതയിൽ തന്നെ ഭരണാനുമതി ലഭ്യമാക്കാനും ടെണ്ടർ നടപടികളിലേക്ക് കടക്കാനും കഴിയും. താൽക്കാലിക പരിഹാരമല്ല, സ്ഥിരമായ പ്രശ്ന പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാർ ബേബി സുന്ദർരാജ് എന്നിവർ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു.