അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂൾ 110 -ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, അധ്യാപിക പി ഷീബ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് എൽ എസ് എസ് നേടിയ 5 കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി. 14 കുട്ടികൾക്കുള്ള എൻറോവമെൻറ് ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ നൽകി. ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം നടത്തി. പന്തലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം സുധ.എം, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ അബ്ദുൾ നാസർ, പി.ടി.എ.പ്രസിഡണ്ട് എ.ഹരിദാസ്, രാജേഷ് പി.ടി.കെ, ബേബിരമ. കെ എന്നിവർ പ്രസംഗിച്ചു.
ഒരു മാസക്കാലമായി വിവിധ പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.ആന്തട്ട ഗവ. യു.പി. സ്കൂൾ എസ്.എസ്.ജി. ചെയർമാൻ എം.കെ. വേലായുധൻ, നാടക പ്രവർത്തകരായ അരങ്ങാടത്ത് വിജയൻ, അലി അരങ്ങാടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാധരൻ മാഷ് ആലപിച്ച ഗാനങ്ങൾ സദസ്സിനെ സംഗീത സാന്ദ്രമാക്കി തീർത്തു. സംഗീത അധ്യാപിക വിനോദിനി, അഡ്വ.കെ.ടി. ശ്രീനിവാസൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.