തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ വിവാദമായ മാർഗംകളി മത്സരത്തിൽ അർഹിച്ചവർക്കു തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്ന് വിധികർത്താക്കളുടെ മൊഴി പൊലീസിന്. ഒന്നാം സ്ഥാനം ലഭിച്ച മാർ ഇവാനിയോസ് കോളജിന് 3 വിധികർത്താക്കളും നൽകിയത് ഏറെക്കുറെ ഒരേ മാർക്ക് തന്നെയാണെന്നും സൂചന ലഭിച്ചു.
മാർഗംകളിയിൽ ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലായതിനു പിന്നാലെ വിധികർത്താക്കളിൽ ഒരാളായ പി.എൻ.ഷാജി ആത്മഹത്യ ചെയ്തിരുന്നു. മറ്റു രണ്ടു വിധികർത്താക്കളാണ് വിധിയിൽ അട്ടിമറി നടന്നിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചത്.
ഷാജി ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ മത്സരത്തിനു ശേഷം അദ്ദേഹത്തെ മർദിച്ചിരുന്നു. ഇതിനായി പരിശീലകരിൽ നിന്ന് ഷാജി പണം കൈപ്പറ്റിയെന്നും അവർ ആരോപിച്ചിരുന്നു.