അയനിക്കാട് ദേശീയപാത നിർമ്മാണ കമ്പനിയുടെ സ്വകാര്യ പ്രവർത്തി നാട്ടുകാർ തടഞ്ഞു

news image
Dec 17, 2024, 2:08 pm GMT+0000 payyolionline.in

പയ്യോളി : വെങ്ങളം – അഴിയൂർ റീച്ചിലെ ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വാഗാടിന്റെ സ്വകാര്യ പ്രവർത്തി നാട്ടുകാർ തടഞ്ഞു. ചൊവ്വ രാവിലെ 9 ഓടെ അയനിക്കാട് 24-ാം  മൈൽസിനടുത്ത് സ്വകാര്യ വാഹന കമ്പനി നിർമ്മിക്കുന്ന കെട്ടിടത്തിനായി കോൺക്രീ റ്റ് മിശ്രിതവുമായി വാഗാഡ്കമ്പനി എത്തിയത്. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധമുയർത്തി തടയുകയായിരുന്നു.

സിപിഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, ലോക്കൽ കമ്മിറ്റി അംഗം വി രവീന്ദ്രൻ, ബിജെപി ലീഡർമാരായ കെ പി ഷൈനു, ഷൈജിത്ത് കുനീമ്മൽ എന്നിവർ തടയുന്നതിന് നേതൃത്വം നൽകി. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാനും സ്ഥലത്തെത്തി. മാസങ്ങൾക്കു മുമ്പ് പയ്യോളി തീരദേശത്തെ സമാനമായ മറ്റൊരു കെട്ടിടത്തിലും ഇത്തരം മിശ്രിതവുമായി എത്തിയ വാഗാഡ് കമ്പനിയുടെ വാഹനം പയ്യോളി നഗരസഭാ ചെയർമാൻ്റെയും സിപിഎം ഏരിയ സെക്രട്ടറി എം പി ഷിബുവിന്റെയും നേതൃത്വത്തിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു. അന്ന് ചർച്ചയ്ക്ക് എത്തിയ ആർ.ഡി.ഒ. ഷാമിൽ സെബാസ്റ്റ്യൻ ഇത്തരം സ്വകാര്യ പ്രവൃത്തി ഏറ്റെടുക്കുന്നത് തുടർന്ന് ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയിരുന്നു. ഈ അനുഭവം നിലനിൽക്കെയാണ്കമ്പനി വീണ്ടും എത്തിയത്.

സ്വകാര്യ വാഹന കമ്പനിയുടെ പ്രവൃത്തി ചെയ്യാനെത്തിയ വഗാഡിൻ്റെ റെഡിമിക്സ് കോൺക്രീറ്റ് വണ്ടി നാട്ടുകാർ തടയുന്നു

നേരത്തെ പ്രാദേശിക എതിർപ്പ് മൂലം ഖനനം നിർത്തിയ ഇരിങ്ങത്തെ തങ്കമല ക്വാറി ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ദേശീയപാത പ്രവൃത്തി നിലച്ചുപോകും എന്ന കാരണം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇടപെട്ട് കല്ലുകൾ ഉപ്പെടെയുള്ള വസ്തുക്കൾ നൽകിയിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന കരിങ്കല്ല് ഉൾപ്പെടെയുള്ളവ ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കാതെ ഇത്തരം സ്വകാര്യ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. വൈകീട്ട് പയ്യോളി എസ്ഐ  കെ റഫീഖ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നഗരസഭ പരിധിക്കുള്ളിൽ ഇത്തരം പ്രവർത്തി നടത്തില്ലെന്ന് കമ്പനി അധികൃതർ യോഗത്തിന് ഉറപ്പ് നൽകി. യോഗത്തിൽ എൻ ടി രാജൻ, റഫീഖ് കുണ്ടാടേരി, കെ പി ഷൈനു, വാഗാഡ് കമ്പനി പ്രതിനിധി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe