തിക്കോടി: അന്തരിച്ച പി.കെ. ഭാസ്കരൻ്റെ ദുഖാചരണത്തിൻ്റെ സമാപന ദിവസം അദ്ദേഹത്തിൻ്റെ പുസ്തകശേഖരം കൈരളി ഗ്രന്ഥശാല തിക്കോടിക്ക് കൈമാറി. വീട്ടുവളപ്പിൽ വെച്ച് നടന്ന ചടങ്ങിൽ മരണാനന്തരവും മൃതദേഹ ആവിഷ്കാരത്തിലൂടെ മനുഷ്യ ജീവിതത്തിൻ്റെ വെളിച്ചമായി മാറാൻ കഴിയും എന്നതാണ് പി.കെ. ഭാസ്കരേട്ടൻ നമുക്ക് നൽകിയ സന്ദേശം എന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് കെ. ഇ. എൻ പറഞ്ഞു.
ജീവിതം, തങ്ങളിൽ തുടങ്ങി തങ്ങളിൽ അവസാനിക്കുന്ന, ചെറിയ ജീവിതം നയിക്കുന്നതിന് പകരം, തങ്ങളിൽ തുടങ്ങി തങ്ങൾ ജീവിച്ച കാലത്തെ പല മനുഷ്യരിലെക്ക് പടർന്ന് വലിയ ജീവിതം നയിക്കുക എന്ന പൊതു പ്രവർത്തകരുടെ ഉത്തരവാദിത്വം തൻ്റെ ജീവിതത്തിൽ നിർവ്വഹിച്ച വ്യക്തിയാണ് പി.കെ. ഭാസ്കരേട്ടൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുസ്വരമായ ആചാരങ്ങളെ അംഗീകരിക്കുമ്പോഴും, ഭൂതകാലത്തിൻ്റെ സാധ്യതകൾക്ക് കാവൽ നിന്നും പരിമിതികൾക്കെതിരെ സമരം ചെയ്തും മരിച്ചവരെക്കൂടി ഉൾക്കൊണ്ട് കൊണ്ടും, വർത്തമാന ജീവിതത്തിന് നേതൃത്വം കൊടുക്കുന്നു എന്നതാണ് പി.കെ. ഭാസ്കരേട്ടൻ്റെ കുടുംബത്തിൻ്റെ മഹത്വം എന്ന് നേത്രദാനം നൽകാൻ തയ്യാറായിട്ടും എം ടി ക്ക് മരണശേഷം അതിന് കഴിയാതെ പോയ സാഹചര്യം സൂചിപ്പിച്ചു കൊണ്ട്, കെ. ഇ. എൻ പറഞ്ഞു. ഇക്കാര്യത്തിൽ ഭാസ്കരേട്ടനോടുള്ള ആദരവ് രേഖപ്പെടുത്തുകയും കുടുംബത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സി. പി. ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു പി.കെ. ഭാസ്കരൻ്റെ
പുസ്തകശേഖരം സി കുഞ്ഞമ്മദിനും കെ ഹുസൈൻ എന്നിവർക്ക് കൈമാറി .
തുടർന്ന് എം പി ഷിബു, സി കുഞ്ഞമ്മദ്, സന്തോഷ് തിക്കോടി, ഷക്കീല കെ.പി, ചന്ദ്രശേഖരൻ തിക്കോടി, ജയചന്ദ്രൻ തെക്കെ കുറ്റി, കെ. ജീവാനന്ദൻ, ശശി എടവന കണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, അബ്ദുൾ ഗഫൂർ ടി.വി, അനിത യു.കെ, പത്മനാഭൻ കെ എന്നിവർ സംസാരിച്ചു.
ചടങ്ങിന് ബിജു കളത്തിൽ സ്വാഗതവും ആർ വിശ്വൻ നന്ദിയും പറഞ്ഞു.