മനുഷ്യ ശരീരത്തിലെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളിലാണ് മഗ്നീഷ്യം ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോമാഗ്നെസീമിയ. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം ,രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഊര്‍ജോര്‍പാദനം തുടങ്ങിയവയില്‍ സുപ്രധാന പങ്കുവഹിക്കുന്ന മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയാതെ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഹൈപ്പോമാഗ്നെസീമിയ ഉണ്ടായാല്‍ നിങ്ങളുടെ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം. രാത്രികാലങ്ങളില്‍ ശരീരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പേശിവലിവും കോച്ചിപ്പിടുത്തവമാണ് പ്രധാന ലക്ഷണം. വിറയല്‍, കോച്ചിപ്പിടുത്തം എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാണ്. ഊര്‍ജോല്‍പാദനത്തില്‍ മഗ്നീഷ്യത്തിന് നിര്‍ണായക പങ്കുള്ളതിനാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പലപ്പോഴും നിങ്ങളില്‍ ക്ഷീണം ഉണ്ടാക്കുന്നതിന് ഇടയാകും. തന്മൂലം ഒരു മന്ദത നിങ്ങള്‍ക്ക് അനുഭവപ്പെടും.
ഹൃദയം വേഗത്തില്‍ ഇടിക്കുന്നതായി തോന്നുന്നതോ, ക്രമരഹിതമായ ഹൃദയമിടിപ്പോ ആണ് മറ്റൊരു ലക്ഷണം. മഗ്നീഷ്യത്തിന്റെ കഠിനമായ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാരണമില്ലാതെ ദേഷ്യപ്പെടുക, ഉത്കണ്ഠ, വിഷാദവും മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഉണ്ടായേക്കാം. സ്ലീപ്പ് ഹോര്‍മോണായ മെലാറ്റോണിനെ മഗ്നീഷ്യം നിയന്ത്രിക്കുന്നതിനാല്‍ മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഉറക്കകുറവ് ഉണ്ടാകുന്നതിന് ഇടയാക്കാം. ആവര്‍ത്തിച്ചുള്ള തലവേദന, മൈഗ്രെയിനും മഗ്നീഷ്യത്തിന്റെ കുറവ് മൂലമാകാം.
മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ വേണ്ടവിധത്തില്‍ നിയന്ത്രിക്കുക എന്നത് പ്രധാനമാണ് . അതിനായി വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍,ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക, ഇതു കൂടീതെ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി ,വിറ്റാമിന്‍ കെ എന്നിവയടങ്ങിയ ചീര പോലുള്ള ഭക്ഷണവും കഴിക്കേണ്ടത് അനിവാര്യമാണ്. ചിയാവിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റുകള്‍ തുടങ്ങിയവയും ശീലമാക്കാവുന്നതാണ്. കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ഓക്സീകരണ സമ്മര്‍ദ്ദം കുറക്കാനും മഗ്നീഷ്യം സഹായിക്കുന്നതിനാല്‍ മഗ്നീഷ്യത്തിന്റെ അളവ് കൃത്യമായി ശരീരത്തില്‍ ഉറപ്പാക്കണം. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.