താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്നും കണ്ടയ്നനര്‍ ലോറി കുടുങ്ങി.പുലർച്ചെ ഒന്നര മണിക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന് ആറുമണിയോടെ ക്രയിന്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോയതാണ് ലോറി കുടുങ്ങാന്‍ ഇടയായത്.
സംഭവത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട റോഡിലൂടെ ഒന്നര മുതല്‍ ആറു മണി വരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടന്നു പോയത്. ലോറി ക്രെയിനുകള്‍ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂര്‍ണമായും മാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒന്‍പതാം വളവില്‍ സുരക്ഷാ വേലി തകര്‍ത്ത് ലോറി അല്പം മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിച്ചില്ല. ഇതോടെയാണ് വലിയ അപകടം ഒഴിവായത്.