പയ്യോളി: രണ്ടു വർഷത്തിലേറെയായി പ്രതിഷേധവും സമരവുമായി നിലകൊണ്ട തിക്കോടി നിവാസികൾക്ക് അനുവദിച്ച അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.തിക്കോടി ടൗണിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ ദൂരെയാണ് അടിപ്പാത നിർമ്മിക്കുന്നത്. ഒരുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷ. ഇതോടെ തിക്കോടി മേഖലയിലെ ദേശീയപാത വികസനത്തിന്റെ അനിശ്താവസ്ഥയ്ക്ക് പൂർണ്ണവിരാമം ഉണ്ടാകും.
ദേശീയപാത നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തിക്കോടിയിലെ ബഹുജന കൂട്ടായ്മ സമര രംഗത്തുണ്ട്. മുസ്ലിംലീഗ് പഞ്ചായത്ത് അംഗം വി കെ അബ്ദുൽ മജീദ് ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ വി സുരേഷ് കൺവീനറുമായ എൻഎച്ച് അടിപ്പാത സമരസമിതിയാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തത്.
തിക്കോടി ടൗണിന് സമീപം അനുവദിച്ച മിനി അടിപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.ഏറെ ജനസാന്ദ്രതയുള്ള തീരദേശവും കിഴക്കൻ ഭാഗവും തമ്മിൽ വിഭജിക്കപ്പെടുമെന്ന് ആശങ്കയായിരുന്നു ഈ നീക്കത്തിന് കാരണമായത്. എന്നാൽ ഒരു കിലോമീറ്റർ താഴെ ദൂരെയുള്ള തിക്കോടി പഞ്ചായത്ത് ബസാറിൽ അടിപ്പാത അനുവദിച്ചതോടെ തിക്കോടി ടൗണിലെ അടിപ്പാതാ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു. ഇതോടെയാണ് റിലേ നിരാഹാരം ഉൾപ്പെടെയുള്ള സമരപ്രക്ഷോഭ പരമ്പരങ്ങളുമായി അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ തിക്കോടിയിലെ ജനങ്ങൾ അണിനിരന്നത്.
കേരളത്തിൽ എല്ലായിടത്തും ദേശീയപാത നിർമ്മാണം പുരോഗമിച്ചപ്പോഴും തിക്കോടി ഉൾപ്പെടുന്ന ചെറിയ മേഖലയിലെ നിർമ്മാണം സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ആരംഭിക്കുക പോലും ചെയ്തിരുന്നില്ല . ഒടുവിൽ വൻ പോലീസ് സാന്നിധ്യത്തിൽ പ്രവർത്തി ആരംഭിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാരും എത്തി. നൂറിലേറെ പേരെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയാണ് അന്ന് നിർമ്മാണം ആരംഭിക്കുകയും സമരപ്പന്തൽ പൊളിച്ചു നീക്കുകയും ചെയ്തത്. പിന്നീട് തുടർച്ചയായ പോലീസ് കാവലിലായിരുന്നു തിക്കോടി മേഖലയിലെ ദേശീയപാത നിർമ്മാണം നടന്നത്.
ഒടുവിൽ സമരസമിതിയുടെ അഭ്യർത്ഥനയിൽ എംഎൽഎ കാനത്തിൽ ജമീല മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗിരിയെ മുഖ്യമന്ത്രി ധരിപ്പിച്ചതോടെ ആണ് ടൗണിൽ നിന്ന് അല്പം അകലെയായി 2.5 മീറ്റർ വീതിയിൽമിനി അടിപ്പാത അനുവദിച്ചതെന്ന് സമരസമിതി നേതാക്കൾ പറയുന്നു.
ഇതോടൊപ്പം ക്ഷേത്ര ഭാരവാഹികളുടെ അഭ്യർത്ഥനയെ തുടർന്ന് പിടി ഉഷ എംപി സ്ഥലം സന്ദർശിച്ച് ഇടപെടലുകൾ നടത്തിയതോടെ അടിപ്പാത ലഭിക്കുമെന്ന് പൂർണ്ണ ഉറപ്പായി.
എന്നാൽ നിലവിൽ 350 മീറ്റർ അകലെയുള്ള ഈ അടിപ്പാത കൊണ്ട് മാത്രം തിക്കോടി വിഭജിക്കപ്പെടുമെന്ന പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും ഇതിനായി ബീച്ച് റോഡിന് സമാന്തരമായി ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് കൂടി അനുവദിക്കണമെന്ന് സിപിഎം തിക്കോടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെടുന്നു. ഇതിനായുള്ള നിവേദനം എംഎൽഎ വഴി നൽകിയതായി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജു പറഞ്ഞു.