കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ സാവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും ശൗചാലയ സമുച്ചയത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി നില്‍കിയ റിട്ട് ഹര്‍ജി പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമാണ് കോടതി പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിലുള്ള തടസങ്ങള്‍ നീക്കിയിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ കിഴക്കേ നടക്ക് സമീപം ഈശാന കോണിലായി ശൗചാലയ സമുച്ചയം നിര്‍മ്മിക്കുന്നു എന്നായിരുന്നു ക്ഷേമസമിതിയുടെ ആരോപണം. ഭക്ത ജനങ്ങളുടെ ആവശ്യവും താംബൂല പ്രശ്നവിധിയും തച്ചുശാസ്ത്ര വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെയുള്ള നിര്‍മ്മാണ പ്രവൃത്തി തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ ക്ഷേമസമിതിയുടെ വാദങ്ങള്‍ തള്ളിയ കോടതി നിലവില്‍ നിശ്ചയിച്ച സ്ഥലത്തുതന്നെ നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേമ സമിതി അനാവശ്യമായി തടസ്സവാദങ്ങൾ ഉന്നയിക്കുകയാണെന്നും നിർമ്മാണ പ്രവൃത്തികൾക്ക് കൊയിലാണ്ടി നഗരസഭയില്‍ നിന്നുള്ള അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു