പയ്യോളി: ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ ആയ കെട്ടിടഭാഗം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. പയ്യോളി പോലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡിലും ഇടയിലുള്ള മൂന്നു നില കെട്ടിടത്തിന്റെ മുൻവശത്ത് നിർമ്മിച്ച ഷെഡാണ് ഇരുമ്പുകാൽ തകർന്ന് വീഴാൻ പാകത്തിൽ ഉള്ളത്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് ഈ അപകടാവസ്ഥയിൽ ആയ കെട്ടിടം ഉള്ളത്. ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി കെട്ടിടത്തിന്റെ മുൻഭാഗം നേരത്തെ ദേശീയപാത അതോറിറ്റി ഏറ്റെടുത്തിരുന്നു. ഇതോടെ ഈ കെട്ടിടത്തിലെ ചില വ്യാപാരസ്ഥാപനങ്ങൾ ഒഴിഞ്ഞു പോയി. നിലവിൽ താഴത്തെ നിലയിൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. അപകടാവസ്ഥയിലായ മുൻഭാഗം പൊളിച്ചു നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.