ഇന്ത്യയിൽ ആദ്യമായി നഗരനയം അംഗീകരിച്ച സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. വരുന്ന കാൽനൂറ്റാണ്ട് കാലം നഗര വികസനത്തിനും കേരള വികസനത്തിനുമുള്ളതാണ് നഗര നയമെന്നും അദ്ദേഹം പറഞ്ഞു. 2023-24 ബജറ്റിൽ പ്രഖ്യാപനം നടത്തിയ ശേഷം പഠനം നടത്താൻ പ്രമുഖരെ ഉൾപ്പെടുത്തി കമ്മീഷൻ രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ 2025 മാർച്ചിൽ റിപ്പോർട്ട് കൈമാറാനായി. നഗര വികസനത്തിനെ കുറിച്ച് പഠനം നടക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
നഗരവ്യാപനമാണ് കേരളത്തിൽ നടക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വേഗത്തിൽ നഗരവ്യാപനം നടക്കുന്നുണ്ട്. 2050 ൽ 80 ശതമാനവും നഗരവാസികൾ ആകും എന്നാണ് പഠനം. ഈ അവസരത്തിൽ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗര നയത്തിന് കഴിയും. സർക്കാറും നഗരസഭകളും ഒരുമിച്ചാണ് നഗര നയം നടപ്പിലാക്കുക. ഇതിൽ കേന്ദ്രം ഏതു തരത്തിൽ സമീപിക്കും എന്നത് കണ്ടറിയേണ്ടതുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
നഗരനയത്തിൽ മാലിന്യം അടക്കം 5 പ്രധാന വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭവ ശേഷി, തനത് വിഭവ സമാഹരണം എന്നീ വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം, മുതിർന്ന പൗരന്മാരുടെ എണ്ണം, അർബൻ ട്രാൻസ്പോർട്ടേഷൻ എന്നീ വെല്ലുവിളികളും നേരിടേണ്ടതായുണ്ട്. നഗരനയം സംബന്ധിച്ച തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
