കീഴരിയൂരിൽ ജനപ്രതിനിധി സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു

news image
Mar 9, 2026, 12:31 pm GMT+0000 payyolionline.in

കീഴരിയൂർ: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സ്വീകരണവും വനിതാ ദിനാചരണവും സമുചിതമായി ആഘോഷിച്ചു. ‘നമ്മുടെ കീഴരിയൂർ’ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.ജി. ബൽരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശിഷ്ടാതിഥികളെ ഫൗണ്ടേഷൻ കോർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ അംഗങ്ങളായ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. വേലായുധൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സവിത രഘുനാഥ് എന്നിവരെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മുൻ ഗ്രാമപഞ്ചായത്ത് അധ്യക്ഷ അഡ്വ. ലക്ഷ്മിഭായ് വനിതാദിന സന്ദേശം നൽകുകയും സാബിറ നടുക്കണ്ടി, കെ.എം. ഷീബ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൻ്റെ ഭാഗമായി പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരെ പ്രത്യേകം ആദരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും കെ.എം. പ്രസാദ് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe