11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി സഹപ്രവർത്തകർ

news image
Mar 24, 2026, 1:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷ് 11 വർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് രൂപേഷിനെയും ഭാര്യ ഷൈനയെയും ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നീണ്ട ജയിൽവാസം. കൊച്ചി എൻ.ഐ.എ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിൽ സുപ്രീം കോടതി ഇടപെടലിലൂടെ ജാമ്യം അനുവദിച്ചതോടെയാണ് രൂപേഷിന്റെ മോചനം സാധ്യമായത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി യു.എ.പി.എ ഉൾപ്പെടെ 42 കേസുകളാണ് രൂപേഷിനുമേൽ ചുമത്തിയിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. നിലവിൽ 16 കേസുകളാണ് വിചാരണ ഘട്ടത്തിലുള്ളത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻ.ഐ.എ ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.

ജയിലിന് പുറത്തെത്തിയ രൂപേഷിനെ ഭാര്യ ഷൈനയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളികളോടെയും സ്വീകരിച്ചു. ജയിലിൽ വെച്ച് താൻ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നിഷേധിച്ചതിലൂടെ ഇടതുഭരണം അതിന്റെ അധികാരരൂപമാണ് കാണിച്ചതെന്ന് പുറത്തിറങ്ങിയ ശേഷം രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. ജയിൽവാസത്തിനിടയിലും തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe