പോറ്റിയേ കേറ്റിയേ പാരഡി ഗാനം പാടി; പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമില്ലെന്ന് മധു

news image
Mar 28, 2026, 11:22 am GMT+0000 payyolionline.in

പത്തനംതിട്ട: പോറ്റിയേ കേറ്റിയേ പാരഡി ഗാനം പാടിയ റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെ പരാതി നല്‍കിയത്. പാരഡി ഗാനം പാടി മതവികാരം പ്രണപ്പെടുത്താനും ഇതിലൂടെ വോട്ട് പിടിക്കാനുമാണ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യമെന്നാണ് പരാതിയില്‍ പറയുന്നത്. പോറ്റിപ്പാട് പാടിയുള്ള പ്രചാരണം ശരിയല്ല. ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രസാദ് കുഴിക്കാല പരാതിയില്‍ പറയുന്നു.

 

അതേസമയം താന്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് പഴകുളം മധു പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം സംബന്ധിച്ച പാട്ട് പാടുകയാണ് താന്‍ ചെയ്തത്. കുറ്റകൃത്യത്തിനെതിരെ പ്രസംഗിക്കുന്നതില്‍ തെറ്റില്ല. ഒരു അഭിഭാഷകനാണ് താന്‍. നിയമം തനിക്ക് അറിയാം. ബിജെപിയും സിപിഐഎമ്മും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും അണികള്‍ അംഗീകരിക്കില്ല. താന്‍ എംഎല്‍എ ആയാല്‍ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന നല്‍കും. യുഡിഎഫ് സര്‍ക്കാരിനെ കൊണ്ട് കേസ് പിന്‍വലിക്കുമെന്നും പഴകുളം മധു വിശദീകരിച്ചു.

 

ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധു പ്രധാന പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി പഴകുളം മധു പോറ്റിയേ കേറ്റിയേ പാരഡി ഗാനം ആലപിച്ചിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിയുമായി പ്രസാദ് കുഴിക്കാല രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് പോറ്റിയേ കേറ്റിയേ ഗാനം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ പ്രസാദ് കുഴിക്കാല രംഗത്തെത്തിയിരുന്നു. അന്ന് പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe