കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

news image
Jun 16, 2026, 2:53 pm GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്. ​രോ​ഗം ബാധിച്ച 63 വയസുകാരൻ ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോ​ഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി ശക്തമായ ഇയാൾക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾ തിങ്ങിപ്പാക്കുന്നിടത്താണ് രോ​ഗബാധിതനായ ചുമട്ടുെതാഴിലാളിയും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകർന്നതെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കഴിഞ്ഞദിവസം തിക്കോടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

എന്താണ് മലേറിയ?
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പ് പനി (Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ, പ്ലാസ്‌മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.

മനുഷ്യനിലേക്ക് രോഗം പകരുന്നത് അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ്. പ്ലാസ്‌മോഡിയം ശരീരത്തിൽ പ്രവേശിച്ചാൽ 48 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങൾ കരളിന്റെ കോശങ്ങളിൽ പ്രവേശിച്ച് പെരുകുന്നു. തുടർന്ന് കരളിന്റെ കോശങ്ങൾ നശിക്കുമ്പോൾ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തിൽ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങൾ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.

രോഗലക്ഷണങ്ങൾ
മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ് എന്നതുകൊണ്ട് രോഗനിർണയവും ചികിത്സയും വൈകാം. വൈറൽ പനി, ഡെങ്കിപ്പനി, ഫ്‌ളൂ എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് ആദ്യലക്ഷണങ്ങൾ. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളിൽ പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം ഫാൽസിപാറം എന്നിവയിൽ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്.

പനിയാണ് പ്രധാന ലക്ഷണം, ശക്തമായ പനി, വിറയലോടു കൂടിയ പനി എന്നിങ്ങനെ പനി രണ്ടു വിധത്തിലുണ്ടാവാം. പനി ഒന്നിടവിട്ട ദിവസം മാത്രം ഉണ്ടാകുന്നു. ഇത് മലമ്പനി(മലേറിയ)യുടെ ഒരു പ്രത്യേക ലക്ഷണമാണ്. സാധാരണ മലേറിയയുടെ (പ്ലാസ്‌മോഡിയം വൈവാക്‌സ് മൂലമുണ്ടാവുന്നത്) പ്രധാന ലക്ഷണമാണിത്. അതോടൊപ്പം രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുന്നു. ഇതു കൂടാതെ മറ്റു ലക്ഷണങ്ങളായ ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.

പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇത്തരം അസുഖങ്ങൾ വരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത്. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്‌ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.

തുടങ്ങിയവ ചെയ്യുന്നതോടൊപ്പംരോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽതന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe