കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ മെട്രോ പദ്ധതികൾ നടപ്പാക്കുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനമാണ്. ഇത് നഗരങ്ങളുടെ സമഗ്ര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വഴിവെക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. ശബരിമല ആചാര സംരക്ഷണ നിയമം, റബറിന് 300 രൂപ താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
യുഡിഎഫ് പ്രകടന പത്രികയിലെ വമ്പൻ വാഗ്ദാനങ്ങളിൽ ഒന്നാണ് രണ്ട് നഗരങ്ങളിലെ മെട്രോ പദ്ധതി. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര വികസനത്തിന് ഇത് ഗെയിംചേഞ്ചറാകുമെന്ന വാഗ്ദാനമാണ് യുഡിഎഫ് നൽകുന്നത്. നഗരത്തിന്റെ സാമ്പത്തിക വളർച്ചക്കും വികസനത്തിനും റോഡിലെ തിരക്കിന് പരിഹാരമാകാനും ഇത് മുതൽക്കൂട്ടാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മെട്രോ പദ്ധതികൾ നടപ്പിലാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾ നോളജ് ഇക്കോണമി കേന്ദ്രങ്ങളായി മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുകയും, നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യുമെന്നും അവർ കണക്കുകൂട്ടുന്നു.
മെട്രോകൾ വരുന്നത് പുതിയ വ്യവസായങ്ങൾ നഗരങ്ങളിലേക്ക് എത്താനും ഐടി, സേവന മേഖലകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ തൊഴിൽ അവസരങ്ങൾ വർധിക്കാനും സഹായകമാവും. യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതകൾ ലഭിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നു. നഗര ഗതാഗതക്കുരുക്ക് കുറയ്ക്കാനും, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഉറപ്പാക്കാനും മെട്രോ പദ്ധതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷ. ദീർഘകാല നഗര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതി നിർണായകമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
കൂടാതെ, ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വർണക്കൊള്ള കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ യുഡിഎഫ് ഉറപ്പ് നൽകുന്നു. റബർ താങ്ങുവില 300 രൂപയായി ഉയർത്തുമെന്നും കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും ഐക്യമുന്നണി പ്രകടനപത്രിക പറയുന്നു.
