അർധ രാത്രി വീട്ടുമുറ്റത്തെ ടാപ്പ് തുറന്നുവിട്ടു, പന്തംകൊളുത്തി നാട്ടുകാരുടെ തിരച്ചിൽ: ബന്ധു വീട്ടിൽ അഭയം തേടി സ്ത്രീകൾ

news image
Apr 9, 2026, 5:40 am GMT+0000 payyolionline.in

പുൽപള്ളി : മോഷ്ടാക്കൾ ഉറക്കം കെടുത്തുന്ന കരിമംകുന്നിൽ വീണ്ടും കള്ളനെത്തി. സാന്ദീപനികുന്നിൽ ചൊവ്വാ രാത്രി എട്ടോടെയാണ് ഒരു വീടിനു സമീപത്ത് സംശയസാഹചര്യത്തിൽ ഒരാളെ വീട്ടുകാർ കണ്ടത്. ബഹളംവച്ചപ്പോൾ അയാൾ ഇരുട്ടിൽ മറഞ്ഞു. പീന്നീട് വേറെ വീടുകളുടെ സമീപത്തും കള്ളനെത്തിയെന്നു പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ നാട്ടുകാർ സംഘടിച്ച് സ്ഥലത്ത് തെരച്ചിൽ നടത്തി. അർധരാത്രിയോടെ മറ്റൊരു വീട്ടുമുറ്റത്തെ ടാപ്പ് തുറന്നുവിട്ട സംഭവമുണ്ടായി. മുറ്റത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്നുനോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കള്ളനെന്ന പേരിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് സാമൂഹികവിരുദ്ധരോ, മാനസിക വൈകല്യമുള്ളവരോ ആണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈസ്റ്റർ രാത്രിയിൽ ഇവിടെ ഹക്കിമിന്റെ വീട്ടിൽ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ബാലികയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 5,000 രൂപയും മോഷ്ടിച്ചു. അന്നു തന്നെ ആനപ്പാറയിൽ രണ്ടു വീടുകളിലും കള്ളൻ കയറി. തിങ്കളാഴ്ച രാത്രി ലയൺസ് ക്ലബ് കുന്നിലെ ചില വീടുകളുടെ സമീപത്ത് മോഷ്ടാവെന്നു കരുതുന്നയാളെ കണ്ടിരുന്നു. ആളു കൂടിയപ്പോൾ മുങ്ങി.

അടിക്കടിയുണ്ടായ ഇത്തരം പ്രശ്നങ്ങൾ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. രാത്രി ആളുകൾ ടോർച്ചും പന്തങ്ങളുമായി റോഡുകളിലും വീടുകളുടെ പരിസരങ്ങളിലും തിരച്ചിൽ നടത്തുന്നു. കുട്ടികളും സ്ത്രീകളുമെല്ലാം ബന്ധുവീടുകളിലോ, അയൽപക്കത്തോ അഭയം തേടുന്നു. നാട്ടുകാർ വാട്സാപ് ഗ്രൂപ്പുണ്ടാക്കി നാട്ടുകാർക്ക് ധൈര്യം നൽകി കള്ളനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. പോളിങ് ദിനമായതോടെ പൊലീസിനും ഈ അന്വേഷണങ്ങൾ തുടരാനായിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഫലപ്രദമായ നടപടിയുണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇവിടെ രാത്രി പട്രോളിങ് നടത്തണമെന്നും ആവശ്യപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe