‘ഇനിയൊരു നിതിൻ രാജ് ഉണ്ടാകരുത്’; കോളേജ് പ്രിൻസിപ്പലിനെ പ്രതിചേർക്കണമെന്ന് കുടുംബം, കമ്മീഷണർക്ക് പരാതി നൽകി

news image
Apr 20, 2026, 2:52 pm GMT+0000 payyolionline.in

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളേജ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് കുടുംബം. സിറ്റി പോലീസ് കമ്മീഷണറെ നേരിൽ കണ്ട നിതിന്റെ പിതാവ് രാജൻ, കോളേജ് പ്രിൻസിപ്പലിനെ കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടു. ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരുന്ന സമയത്ത് അധ്യാപകർ നിതിനെ കൂട്ടംചേർന്ന് വിചാരണ ചെയ്തത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

“ഇനിയൊരു നിതിൻ രാജോ രോഹിത് വെമുലയോ സിദ്ധാർത്ഥനോ കേരളത്തിൽ ഉണ്ടാകാൻ പാടില്ല. എന്റെ മകന് വേണ്ടി നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടും,” രാജൻ പറഞ്ഞു. തന്റെ അറിവോടെയാണ് നിതിൻ ലോൺ എടുത്തതെന്നും അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കായി തുക ചെലവാക്കിയതിനാൽ തിരിച്ചടവ് മുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിൻസിപ്പലിന്റെ റൂമിൽ വെച്ചു നടന്ന മാനസിക പീഡനം ഒരു 21-കാരന് താങ്ങാവുന്നതിലും അധികമായിരുന്നുവെന്നും ഇതിന് ഉത്തരവാദികളായവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസിൽ അറസ്റ്റിലായ ലോൺ ആപ്പ് ജീവനക്കാരായ ഋഷികേഷ്, പ്രശാന്ത് കേവൽ, പ്രകാശ് ജയ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. നോയിഡയിൽ നിന്നാണ് ഇവരെ സൈബർ ക്രൈം പോലീസ് പിടികൂടിയത്. എന്നാൽ, കേസിൽ ആരോപണവിധേയരായ അധ്യാപകർ എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും നിലവിൽ സംസ്ഥാനം വിട്ടതായാണ് വിവരം. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 22-ന് തലശ്ശേരി കോടതി പരിഗണിക്കും.

പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കേരള പുലയ മഹാസഭ (കെ.പി.എം.എസ്) കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe