കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂർ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടിൽ ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ ഒഴിവ് സമയങ്ങളിൽ എക്സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന രീതിയാണ് പിൻതുടർന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇയാൾ നല്ല വേഷവിധാനത്തിൽ എത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി മോഷണത്തിന് ഇരയായത്. ആനപ്പാറയിലെ ഹോസ്പിറ്റലിൽ പോയി തിരികെ വരുമ്പോൾ പൂളപ്പറമ്പ് വാട്ടർ ടാങ്കിനു സമീപം വെച്ച് ഷഹനൂപ് കവർച്ച നടത്തുകയായിരുന്നു.
ദേവകിയുടെ പിറകിലൂടെ ബൈക്കിൽ എത്തിയ ഇയാൾ ഇവരോട് വഴി ചോദിച്ചു. തുടർന്ന് അൽപം മുന്നോട്ട് പോയി വീണ്ടും തിരികെയെത്തി ദേവകിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന ഒന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഷഹനൂപിനെ കുറിച്ചുള്ള വിവരങ്ങളിലേക്കെത്തിയത്. ഇയാളുടെ പേരിൽ കാക്കൂർ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറിൽ കടത്തനംപുറത്ത് താഴം എന്ന സ്ഥലത്ത് വെച്ച് യുവതിയുടെ മൂന്ന് പവൻ തൂക്കം വരുന്ന മാല ഷഹനൂപ് പൊട്ടിച്ചെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
