കൊച്ചി: വിനോദയാത്രയ്ക്കിടെ അഞ്ചുവയസ്സുകാരൻ വെള്ളച്ചാലിൽ വീണുമരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീർ-ആരിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ആദം ആണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
കൊച്ചി നഗരത്തിലെ പ്രമുഖ പ്രീ-സ്കൂളിൽ നിന്നും അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം പാർക്കിലെത്തിയതായിരുന്നു ആദം. കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളച്ചാലിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസാരശേഷി കുറവുള്ള ആദത്തിന്റെ ചികിത്സയ്ക്കും പഠനത്തിനുമായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.
