‘പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ,ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’

news image
Apr 23, 2026, 3:11 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഹിതേഷ് ശങ്കർ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. എല്ലുകൾ വരെ തെറിച്ചുവീണ നിലയിലുള്ള മൃതശരീരങ്ങളായിരുന്നു ലഭിച്ചതെന്നും പലതും തിരിച്ചറിയാൻ പോലും കഴിയാതെ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഹിതേഷ് ശങ്കർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ബ്രെയിൻ അടക്കം വിവിധ അവയവങ്ങൾ പാതി വെന്ത അവസ്ഥയിലായിരുന്നു. ചിലരുടെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്‌ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം, കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്. ഇത്രയും വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്‌ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുതെന്നും ഹിതേഷ് ശങ്കർ പറഞ്ഞു.

വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ, തൊലി അടക്കമുള്ള വിവിധ അവയവങ്ങൾ , എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചു. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്‌ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം, കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ.

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്. ഇത്രയും വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്‌ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.

വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.

ഏപ്രിൽ 21ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. അപകടത്തിൽ ഇതുവരെ പതിനാല് പേരാണ് മരിച്ചത്. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യതക്കുറവാണെന്നാണ് പെസോയുടെ നിഗമനം. ഷോർട്ട് സർട്ട്ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പക്രേറ്റ് പരിശോധന നടത്തുമെന്നും പെസോ അറിയിച്ചിരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന യഥാർത്ഥ തുക ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe