കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ ഇരിക്കെ തല പുറത്തേക്കിട്ട യുവാവ് വൈദ്യുതി പോസ്റ്റിലിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവിൽ വെച്ച് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മിന്നൽ ബസിലാണ് അപകടം നടന്നത്. ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരിക്കുകയായിരുന്നു സുനിൽ. യാത്രയ്ക്കിടെ ഇയാൾ ഉറങ്ങിപ്പോയതാണെന്നും ഈ സമയം തല പുറത്തേക്ക് പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ അടിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ സുനിലിനെ കണ്ടത്. ഉടൻ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ വിൻഡോ കമ്പികൾ വളഞ്ഞിട്ടുണ്ട്. മറ്റ് വാഹനങ്ങൾ വന്നിടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുനിലിന്റെ സഹോദരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
