പയ്യോളി: സാംസ്കാരിക-സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭയും കാർട്ടൂണിസ്റ്റും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂരിന് പയ്യോളിയിൽ യാത്രയയപ്പ് നൽകി. ഔദ്യോഗിക ജീവിതത്തിൽ നിന്നും ഈ മെയ് അവസാനം വിരമിക്കുന്ന അദ്ദേഹത്തിന്, പയ്യോളി ജി.വി.എച്ച്.എസ്.എസിലെ അവസാന മൂല്യനിർണ്ണയ ക്യാമ്പിനിടെ സഹപ്രവർത്തകരും പയ്യോളി കൂട്ടം മലയാളവേദിയും ചേർന്നാണ് ആദരമൊരുക്കിയത്.
പുതുപ്പണം ജെ.എൻ.എം. എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ സചിത്രൻ പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകൻ എന്നതിലുപരി മികച്ച കഥാകാരനും വിദ്യാഭ്യാസ വിചക്ഷണനുമായി ഡോ. സോമൻ കടലൂർ നടത്തിയ പ്രവർത്തനങ്ങൾ ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
ബിനു ജോർജ്, ഡോ. പ്രശാന്ത് ബാവ ഇയ്യച്ചേരി, വി.കെ. അബ്ദുറഹ്മാൻ, പി. നായർ അമ്പിളി, ഇസ്മയിൽ ചില്ല, രഞ്ജിത്ത് ലാൽ, ഖാലിദ് സൈഫുള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഹപ്രവർത്തകരുടെ സ്നേഹോപഹാരങ്ങളും ചടങ്ങിൽ അദ്ദേഹത്തിന് സമർപ്പിച്ചു.
