പുറമേരി: പുറമേരിയിലെ സിറ്റി ടവർ കെട്ടിടത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ പോലീസ് ഫൊറൻസിക് വിഭാഗവും റവന്യൂ അധികൃതരും വിശദമായ പരിശോധന നടത്തി. കടകൾക്കകത്തുനിന്ന് സാംപിളുകൾ ശേഖരിച്ച സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി. ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ജീവനക്കാരുടെ മൊഴിയിൽ നിന്നും വ്യക്തമായിട്ടുണ്ട്. മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ തീപ്പിടിത്തത്തിൽ പൂർണ്ണമായും കത്തിയമർന്നു.
യൂപ്പർലൈറ്റ് ട്രേഡിങ് കമ്പനിയിലെ വിലപിടിപ്പുള്ള ഫാൻസി ലൈറ്റുകളും ഷോറൂമിലുണ്ടായിരുന്ന പതിനെട്ടോളം ഇലക്ട്രിക് സ്കൂട്ടറുകളും അഗ്നിക്കിരയായി. ട്രേഡിങ് കമ്പനിയിൽ മാത്രം നാലുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമകൾ കണക്കാക്കുന്നത്. കെട്ടിടത്തിനുണ്ടായ കേടുപാടുകൾ ഉൾപ്പെടെ ആകെ അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. ഷാജി, വില്ലേജ് ഓഫീസർ ആർ. ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള താലൂക്ക് റവന്യൂ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
