ഇരിങ്ങൽ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും പകർച്ചവ്യാധി നിയന്ത്രണത്തിനുമായി പയ്യോളി നഗരസഭ 3-ാം ഡിവിഷനിൽ കർമ്മസമിതി രൂപീകരിച്ചു. മൂരാട് നോർത്ത് മാപ്പിള സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് ‘ആരോഗ്യ ജാഗ്രത 2026’ പ്രവർത്തനങ്ങൾക്കായി പുതിയ സമിതി നിലവിൽ വന്നത്. കെ.കെ. ബാബു അധ്യക്ഷത വഹിച്ച യോഗം ഡിവിഷൻ കൗൺസിലർ ഷൈജ കെ.കെ. ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ-കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ജയരാജ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഉഷ എരഞ്ഞാറ്റിൽ സ്വാഗതവും റുക്സാന നന്ദിയും പറഞ്ഞു.
ഡിവിഷൻ കൗൺസിലർ ഷൈജ കെ.കെ. ചെയർപേഴ്സണായും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നസ്‌റിൻ കൺവീനറായും 30 അംഗ കർമ്മസമിതിയെ തിരഞ്ഞെടുത്തു. ഡിവിഷനിൽ അഞ്ച് ആരോഗ്യ അയൽസഭകൾ രൂപീകരിച്ചതായും അധികൃതർ അറിയിച്ചു. ഗൃഹസന്ദർശനം, ബോധവൽക്കരണ നോട്ടീസ് വിതരണം, ശുചിത്വ പരിശോധന സ്ക്വാഡ് പ്രവർത്തനം എന്നിവയ്ക്കാണ് സമിതി മുൻഗണന നൽകുന്നത്. ഉറവിട നശീകരണം, കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണത്തിനായി ‘കോലായ കൂട്ടായ്മകൾ’ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
