കാൽ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകൾ പൊളിച്ച് യുഡിഎഫ്. 2021 ലെ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റ് നേടിയ യുഡിഎഫ് 2026ൽ 12 സീറ്റ് നേടി. സിറ്റിങ്ങ് സീറ്റായ ബേപ്പൂർ മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. 2021ൽ നേടിയ ഭൂരിപക്ഷം പോലും ബേപ്പുരിൽ എൽഡിഎഫിന് നേടാനായില്ല.
വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ കോഴിക്കോട് ജില്ലയിൽ ഒരു തവണ പോലും യു ഡി എഫിന് പുറകോട്ട് നോക്കേണ്ടി വന്നില്ല.
2021 ൽ 11 സീറ്റിൽ വിജയിച്ച സിപിഐഎമ്മിനാകട്ടെ നന്നേ വിയർക്കേണ്ടി വന്നു. ഒരുകാലത്ത് എൽഡിഎഫിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളിൽ ഇത്തവണ ജനം മാറി ചിന്തിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ തട്ടകമായ പേരാമ്പ്ര, പാളയത്തിലെ പട പോലും വകവയ്ക്കാതെ നാലാം മൂഴത്തിന് മന്ത്രി ശശീന്ദ്രൻ കച്ചകെട്ടി ഇറങ്ങിയ എലത്തൂർ ചരിത്രത്തിൽ എല്ലാ കാലത്തും എൽഡിഎഫിനെ തുണച്ച നാദാപുരം, കോൺഗ്രസിന് പതിറ്റാണ്ടുകളായി ബാലികേറാം മലയായി നിന്ന ബാലുശ്ശേരി, രണ്ടു പതിറ്റാണ്ടുകാലം സിപിഐഎം അടക്കിവാണ കൊയിലാണ്ടി, നാലാം തുടർ വിജയത്തിന് പിടിഎ റഹീം തുനിഞ്ഞിറങ്ങിയ കുന്നമംഗലം, നാലുതവണയായ് യുഡിഎഫിനെ കൈവിട്ട കോഴിക്കോട് നോർത്ത് എന്നീ മണ്ഡലങ്ങളിൽ യുഡി എഫിനെ ഇരുകൈയ്യും നീട്ടി യുഡിഎഫിനെ ജനം സ്വീകരിച്ചു. അതേസമയം, കൊടുവള്ളി തിരുവമ്പാടി വടകര കുറ്റ്യാടി കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിൽ യുഡിഎഫിന് വിജയം ഏറെ എളുപ്പമായി.
കൊയിലാണ്ടിയിലും നാദാപുരത്തും ഒഴികെ സിറ്റിംഗ് എംഎൽഎമാരാണ് എൽഡിഎഫിന് മത്സര രംഗത്തുണ്ടായിരുന്നത്. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, എലത്തൂർ ,ബാലുശ്ശേരി, നാദാപുരം എന്നീ അഞ്ചു സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്.
