ആലപ്പുഴ: കരുവാറ്റ കൊലപാതക കേസിൽ ശിവൻകുട്ടിയുടെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്ത്. കൃത്യത്തിനു മുൻപ് ശിവൻകുട്ടി ക്രൂരമർദ്ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്കു ശക്തമായ അടിയേറ്റിരുന്നു. ഇതോടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയിൽ ആയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. താടിയെല്ലിനു മുകളിലേക്ക് ആഴത്തിലുള്ള പരുക്കുകളുണ്ടെന്നാണ് റിപ്പോർട്ട്.
ശിവൻകുട്ടിയുടെ പേരക്കുട്ടിയായ പതിമൂന്നുകാരി തന്നെയാണു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്നും പൊലീസ് സ്ഥിരീകരിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണു നടന്നത്. പെൺകുട്ടിയാണു പദ്ധതി തയാറാക്കിയത്. സ്വർണവും പണവും എവിടെയെന്നതു സംബന്ധിച്ചു കൃത്യമായ വിവരം നൽകിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിർദേശമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണു പ്രതികൾ കരുവാറ്റയിൽ എത്തിയത്. കൊല്ലത്തുനിന്ന് ട്രെയിനിലായിരുന്നു ഇവർ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണു പ്രതികൾ വീടിനകത്തു പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവൻകുട്ടി എത്തിയപ്പോഴായിരുന്നു ക്രൂരമർദനം. വിറ്റ സ്വർണം കണ്ടെടുത്തുവെന്നും പണവും സ്വർണവും കവരുകയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മുൻപ് ഈ കുട്ടിയെ കാണാനില്ലെന്ന പരാതിയും ഉണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു.
പ്രതികൾ പരവൂർ സ്വദേശികളാണ്. കുട്ടി തന്നെയാണ് ഇദ്ദേഹത്തെ കാണുന്നില്ലെന്ന് ആദ്യം അറിയിച്ചത്. ആദ്യത്തെ ചോദ്യംചെയ്യലിലൊക്കെ സ്വാഭാവിക മറുപടിയായിരുന്നു. തെളിവുകൾ ലഭിച്ച ശേഷമാണ് കുട്ടി വിശദമായ മൊഴി നൽകിയത്. കുട്ടിയുടെ കാമുകനും സുഹൃത്തുമാണ് കൊലപാതകം നടത്തിയത്. സ്വർണം വിൽക്കാനൊക്കെ സഹായിച്ച ഒരാളുണ്ട്. അയാൾക്കു വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്. സിനിമ കണ്ടാണ് മുളകുപൊടി വിതറാനെല്ലാം ഇവർ പഠിച്ചതെന്നും വിഷ്ണു പ്രദീപ് പറഞ്ഞു.
