ഫ്ലക്സിന്റെ വലുപ്പമല്ല, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജനവികാരമെന്ന് കെ. മുരളീധരൻ

news image
May 8, 2026, 8:28 am GMT+0000 payyolionline.in

കൊച്ചി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ആകാംക്ഷ തുടരുന്നതിനിടെ, ഫ്ലക്സുകളുടെ വലുപ്പമോ പ്രകടനങ്ങളോ നോക്കിയല്ല അന്തിമ തീരുമാനമെടുക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജനാധിപത്യ പ്രക്രിയയിൽ ഇത്തരം ആഘോഷങ്ങളും പ്രകടനങ്ങളും പതിവാണെന്നും എന്നാൽ പാർട്ടിയുടെ ചിട്ടവട്ടങ്ങളും ജനവികാരവും കണക്കിലെടുത്താകും ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

​ഞായറാഴ്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി ആരെ നിശ്ചയിച്ചാലും അത് പൂർണ്ണമായി അംഗീകരിക്കും. താൻ ആരെയാണ് പിന്തുണച്ചതെന്ന് വെളിപ്പെടുത്താൻ മടിയില്ലെന്നും എന്നാൽ അന്തിമ തീരുമാനം വന്ന ശേഷം അത് വ്യക്തമാക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, ഡൽഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വിവിധ പക്ഷങ്ങൾ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോഴും ഹൈക്കമാൻഡ് ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe