പേരാമ്പ്ര: തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും പേരാമ്പ്ര ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. വൈകീട്ട് മൂന്ന് മണിയോടെ ആരംഭിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങളും വീടുകളും തകർന്നു. പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് കവലയ്ക്ക് സമീപം മരം വീണ് രണ്ട് കാറുകൾക്ക് നാശനഷ്ടമുണ്ടായി.
കാറിലുണ്ടായിരുന്ന എരവട്ടൂർ സ്വദേശിനി റീനയും രണ്ട് കുട്ടികളും മരം വീഴുന്നത് കണ്ട് ഉടൻ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മറ്റൊരു സംഭവത്തിൽ ചെമ്പ്ര റോഡിലെ പഴയ സംഗം തിയേറ്ററിന് സമീപം നിർത്തിയിട്ട കാറിന് മുകളിലേക്ക് തെങ്ങ് വീണ് വാഹനം തകർന്നു. ജബലന്നൂർ കോളേജിന് സമീപം രണ്ട് കാറുകൾക്ക് മുകളിലേക്ക് മാവ് പൊട്ടിവീഴുകയും ചെയ്തു. കാറ്റിൽ മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് ബൈപ്പാസിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി പാത തെളിച്ചത്.
വീടുകൾക്കും കെട്ടിടങ്ങൾക്കും കാറ്റിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. വിജയലക്ഷ്മി നമ്പ്യാർ, രാജൻ കുട്ടമ്പത്ത്, ചെറുവറ്റ ജയകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. പൈതോത്ത് റോഡിലെ വുഡ് ഇൻഡസ്ട്രീസുകളുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. കൂടാതെ പാറാട്ടുപൊയിൽ, കല്ലോട് ഭാഗങ്ങളിലും മരങ്ങൾ വീണ് മതിലുകളും വീടുകളും തകർന്നിട്ടുണ്ട്. മേഖലയിൽ ഒട്ടേറെ തെങ്ങുകളും പ്ലാവുകളും കാറ്റിൽ നശിച്ചു.
