ഭർത്താവിന് 65% പൊള്ളൽ, ഗർഭിണിയായ ഭാര്യ മരിച്ചു: ചെറുവണ്ണൂരിൽ കാർ കത്തിയതിൽ ബന്ധുക്കൾക്ക് സംശയം

news image
May 17, 2026, 10:47 am GMT+0000 payyolionline.in

കോഴിക്കോട്∙ ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിന്റെ ഉള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കാറിനു തീപിടിച്ച് പാലേരി കല്ലിക്കണ്ടി സോനയാണ്(27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമെന്നു കരുതുന്നതിനാൽ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും സോനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, കാറിൽനിന്നെടുത്ത സാംപിളുകളുടെ ഫൊറൻസിക് ഫലം വന്നാൽ മാത്രമേ കൃത്യമായ നിഗമനം നടത്താനാകുകയുള്ളുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കി.

തീയണയ്ക്കാൻ തോട്ടിലേക്ക് ചാടി രജിൻ; ഡോർ ലോക്കായി കാറിനുള്ളിൽ കുടുങ്ങി സോന: നടുക്കം മാറാതെ നാട്
∙ ഷോർട്ട് സർക്കീറ്റല്ലെന്ന് ഫൊറൻസിക് സംഘം

അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.

∙ മരണത്തിൽ ദുരൂഹതയെന്ന് സോനയുടെ ബന്ധുക്കൾ

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മേൽ ഉദ്യോഗസ്ഥന്മാരുടെ ശക്തമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് സോനയുടെ ബന്ധുക്കൾ. അപകടത്തിൽ സംശയമുണ്ടെന്നും പൊലീസിലും വനിത കമ്മിഷനിലും ബന്ധുക്കൾ പരാതി നൽകാൻ ഒരുങ്ങുകയാണ്.

രജിൻ ഗൾഫിൽ ആയിരിക്കെ സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്ന് സോനയുടെ അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനിടെ രജിനെ മറ്റൊരു യുവതിയുമായി വിവാഹത്തിന് വീട്ടുകാർ പ്രേരിപ്പിച്ചു. ഇതറിഞ്ഞ സോന വടകരയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ പോയെങ്കിലും അതുകണ്ടു ചിലർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് രജിൻ സോനയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകിയത്. ഇരുവീട്ടുകാർക്കും എതിർപ്പായതിനാൽ 2023 ൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തു. വിവാഹശേഷം സോനയുടെ വീട്ടുകാർ അത്ര സഹകരണത്തിൽ ആയിരുന്നില്ല. ഗർഭിണിയായ ശേഷമാണ് വീട്ടുകാർ തമ്മിൽ വലിയ പ്രശ്നങ്ങളില്ലാതെ പോയത്. ഒരു ബന്ധുവിനോടു തനിക്ക് ഭർതൃവീട്ടിൽ വലിയ സമ്മർദം ഉണ്ടെന്നു സോന വെളിപ്പെടുത്തിയിരുന്നതായും അതിനാൽ തന്നെയാണ് ആസൂത്രിത കൊലപാതകമാണെന്നു സംശയിക്കുന്നതെന്നും സത്യൻ പറഞ്ഞു.

തീപിടിത്തം ഉണ്ടായത് കാറിന്റെ പിന്നിൽ നിന്നാണ് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. മരിച്ച സോന ഏഴു മാസം ഗർഭിണിയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയാണ് ചെറുവണ്ണൂരിൽനിന്ന് കക്കറമുക്കിലേക്കുള്ള റോഡിൽ എടോളിത്താഴെ വച്ച് കാറിനു തീപിടിച്ചത്. വീടിന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് കാറിൽ തീപിടിത്തം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം കാരണം കാറിന്റെ പിൻസീറ്റിൽ സോന കിടക്കുകയായിരുന്നുവെന്നാണ് രജിൻലാൽ നാട്ടുകാരോടു പറഞ്ഞത്.

കാറോടിച്ച ഭർത്താവ് രജിൻലാൽ(34) തീപിടിച്ചതിനു പിന്നാലെ പുറത്തിറങ്ങി സമീപത്തെ തോട്ടിൽ വസ്ത്രത്തിൽ പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്. ഈ സമയം കാറിനുള്ളിൽ സോനയുള്ള വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഭാര്യ കാറിനുള്ളിലുണ്ടെന്ന് രജിൻ പറഞ്ഞതു പ്രകാരമാണ് കാറിൽനിന്ന് സോനയെ പുറത്തെടുക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും കാറിൽ വലിയ തോതിൽ തീപിടിച്ചിരുന്നു. കാറിനുള്ളിൽ മുകൾവശത്തെ ഭാഗങ്ങൾ സോനയ്ക്കു മേൽ വീണ സ്ഥിതിയിലായിരുന്നു. ഡോർ തുറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരി ഒഴിച്ച ശേഷം കാറിന്റെ ചില്ലു തകർത്താണ് നാട്ടുകാർ ബെഡ്‌ഷീറ്റിൽ കിടത്തി സോനയെ പുറത്തെടുത്തത്. ഉടൻ തന്നെ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇതിനിടെ കാറിലെ തീ പൂർണമായും കെടുത്തിയത്.

65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. കൈകളിലും മുഖത്തും നെഞ്ചിലുമാണ് പൊള്ളലെന്നതിനാൽ ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രജിൻലാൽ ഒരുമാസം മുൻപാണ് ഗൾഫിൽനിന്ന് നാട്ടിൽ എത്തിയത്. മേപ്പയൂർ ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലേരി കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളായ സോനയുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe